അമേരിക്കന്‍ യുവതിയെ കൊലപ്പെടുത്തിയെന്ന ആരോപണം; ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥി ജര്‍മ്മനിയില്‍ പിടിയില്‍

By: 600002 On: Aug 10, 2026, 11:30 AM



 

പ്രസാദ് തീയാടിക്കല്‍

അരിസോണ (യു.എസ്.): അമേരിക്കയിലെ അരിസോണ സംസ്ഥാനത്ത് 19-കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയെന്ന കേസില്‍ 20-കാരനായ ഇന്ത്യന്‍ യുവാവ് ജര്‍മ്മനിയില്‍ അറസ്റ്റിലായി. അരിസോണയിലെ ടൂസണില്‍ താമസിച്ചിരുന്ന ജുലിസ റൂബി സലസാര്‍ (19) എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ടാണ് വരുണ്‍ ബച്ചിഗാരി (20) എന്ന ഇന്ത്യന്‍ പൗരനെതിരെ ഒന്നാംനില കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം, മകളെ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജുലിസയുടെ കുടുംബം ആവശ്യപ്പെട്ട വെല്‍ഫെയര്‍ പരിശോധനയിലാണ് ടൂസണിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തെത്തിയ അഗ്‌നിശമനസേനയും പോലീസും യുവതി സംഭവസ്ഥലത്തുവെച്ച് മരിച്ചതായി സ്ഥിരീകരിച്ചു. കഴുത്തുഞെരിച്ചാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

അന്വേഷണത്തില്‍ ജുലിസയുടെ കാമുകനായ വരുണ്‍ ബച്ചിഗാരിയിലേക്ക് സംശയം നീണ്ടു. യുവതിയുടെ മൊബൈല്‍ ഫോണും ക്രെഡിറ്റ് കാര്‍ഡുകളും ഇയാള്‍ കൈവശപ്പെടുത്തിയ ശേഷം, യുവതി ജീവനോടെയെന്ന തോന്നല്‍ സൃഷ്ടിക്കുന്ന തരത്തില്‍ അമ്മയ്ക്ക് സന്ദേശങ്ങള്‍ അയച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.

സംഭവദിവസം വരുണ്‍ ടൂസണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹൂസ്റ്റണിലേക്കും തുടര്‍ന്ന് ജര്‍മ്മനിയിലെ ബെര്‍ലിനിലേക്കും യാത്ര ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി. അവിടെ നിന്ന് ഇന്ത്യയിലേക്ക് പോകാനായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് അധികൃതര്‍ പറയുന്നത്. അമേരിക്കന്‍ ഫെഡറല്‍ ഏജന്‍സികളും അന്താരാഷ്ട്ര നിയമനടപടി സംവിധാനങ്ങളും ചേര്‍ന്നുള്ള നീക്കത്തില്‍ ജര്‍മ്മനിയില്‍ എത്തിയ ഉടന്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവത്തിന് ദിവസങ്ങള്‍ മുമ്പ് ജുലിസയുടെ മുറിയില്‍ നിന്ന് നിലവിളി കേട്ടതായി സഹവാസികള്‍ പോലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ തങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും പ്രശ്‌നമില്ലെന്നും ജുലിസ മറുപടി നല്‍കിയിരുന്നുവെന്നാണ് വിവരം.

ജുലിസ വരുണ്‍ ബച്ചിഗാരിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും, മുമ്പ് ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആ പരാതി ഔദ്യോഗികമായി പോലീസില്‍ നല്‍കിയിരുന്നില്ല.

ഇതിനുപുറമെ, വരുണ്‍ ബച്ചിഗാരിക്കെതിരെ പിമ കൗണ്ടിയില്‍ മറ്റൊരു ആക്രമണക്കേസും നിലവിലുണ്ടെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്. അരിസോണ സര്‍വകലാശാലയില്‍ ബിസിനസ് അനലിറ്റിക്‌സ് പഠിച്ചിരുന്ന ഇയാളെ മുന്‍പ് ഒരു സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഇയാളുടെ വിസാ പദവിയും അപകടത്തിലായിരുന്നുവെന്നാണ് വിവരം.

ജര്‍മ്മനിയില്‍ കസ്റ്റഡിയില്‍ കഴിയുന്ന വരുണ്‍ ബച്ചിഗാരിയെ ഉടന്‍ അമേരിക്കയിലേക്ക് കൈമാറുന്നതിനുള്ള (Extradition) നടപടികള്‍ പുരോഗമിക്കുകയാണ്. അമേരിക്കയിലെത്തിച്ച ശേഷം അരിസോണയില്‍ ഒന്നാംനില കൊലപാതകക്കുറ്റം ചുമത്തി വിചാരണ നേരിടും.